Sunday, January 22, 2012

വാക്കുകളില്ലാത്ത സ്വപ്നം 
സ്വയം വാക്കുകളായി മാറുമ്പോള്‍..
ഇറ്റുവീഴുന്ന മിഴിനീര്‍ കണങ്ങള്‍
ഒരായിരം അര്‍ത്ഥഭാവങ്ങള്‍ ചമയ്ക്കുന്നു..

ചിപ്പികള്‍ പൊട്ടിച്ചെറിഞ്ഞ്
മുത്തുകള്‍ സ്വയം ഉതിരുമ്പോള്‍
എന്റെ വാചാലമായ മൌനം 
നീയെന്തേ അറിഞ്ഞില്ല..?

വെളിച്ചം തുടിയ്ക്കുന്ന നാട്ടുവഴിയിലും
മഴത്തുള്ളികളിറ്റു വീഴുന്ന ഈറന്‍ സന്ധ്യയിലും
നിനക്കായ് ഞാന്‍ കാത്തിരുന്നു.
നീയെന്തേ വൈകുന്നത്?

നിശബ്ദമാം സ്നേഹത്തിന്‍ പ്രഭകള്‍ നില്‍ക്കവേ
നീയെവിടെ എന്നു തിരയുകില്‍..
എന്‍ കൈയെത്താത്ത ദൂരത്തായി 
ഇനിയൊരിയ്ക്കലും കാത്തു നില്‍ക്കാതെ
നീ മാഞ്ഞു പോയി.

എങ്കിലും എന്നിലെ സ്വാര്‍ത്ഥത 
നിന്‍ വരവിന്‍ കാലടികള്‍ക്കായി
കാതോര്‍ത്തിരിയ്ക്കുന്നു.

എന്റെ ആത്മാവിലേക്ക് നോക്കുമ്പോള്‍
ഞാന്‍ കാണുന്നത്‌ നിന്റെ മുഖമാണ്‌
എന്റെ മൌനംകളില്‍ തെളിയുന്നത്‌
നിന്റെ സ്വരമാണ്‌..
 

എന്റെ നൊമ്പരങ്ങളില്‍ കാണുന്നത്‌
നിന്റെ പുഞ്ചിരിയാണ്‌...
എന്റെ നിസ്വനങ്ങളില്‍ ഉള്ളത്
നിന്റെ ഹൃദയും ഇടിപ്പുകളാണ്
 
എന്റെ ഹൃദയ രക്തത്തിനു ഉള്ളത്
നിന്റെ നിറം ആണ്
അനന്തമായ ഒരു കാത്തിരുപ്പാണ്‌
 എന്റേതു....
എങ്കിലും നിനക്കു നല്‍കാന്‍ എന്റെ
കൈയില്‍ 

 
സ്നേഹമാണ്‌ ഉള്ളത്..
സ്നേഹം മാത്രം
 
 


നിശബ്ദതയ്ക്കു നിറം നല്‍കാന്‍
കൊതിച്ചേതോ-
നിനവിന്റെ കുളിര്‍മ്മയില്‍ വരച്ചതാണറിയാതെ
 നിന്നെ..!
മായ്ക്കുവാന്‍ ശ്രമിക്കാമിനിയൊരിയ്ക്കലും-
മായില്ലെന്നറിഞ്ഞു തന്നെ, യെന്‍
മനസ്സില്‍-



ഞാന്‍ വരച്ചു പോയില്ലേയറിയാതെയെങ്കിലും..
അറിയില്ലയിന്നു ഞാന്‍ കേള്‍ക്കുന്ന ഗാനം
എവിടെയോ മറന്നയെന്‍ മണ്‍വീണ
പാടുന്നതോ..
നനവിന്റെ കരസ്പര്‍ശ സാന്ത്വനം
തേടിയതെന്‍

ഉള്ളിലേക്കായ് മാത്രമായിരുന്നെന്‍
സ്വന്തമാക്കാന്‍
ആശിച്ചതും, പിന്നെ നിന്‍ മിഴികളോടെന്നെ-
മാത്രം കാണുവാന്‍ പറഞ്ഞതുമെന്റെ-
ഭാവനകളുടെ സ്വാര്‍ത്ഥത മാത്രം..!

നീറുന്ന മനസ്സാണെന്റേതെന്നറിഞ്ഞിട്ടു-
മെന്തേയാരാഞ്ഞില്ലയെന്‍ നോവുകള്‍ നീ..
അരുതെന്നു വിലക്കിയൊരു പാടു-
തവണകളെന്നിട്ടുമറിയാതെ പറഞ്ഞു-
പോയതാണെന്‍ പ്രണയം..സത്യമായും-

നിന്നെ നോവിക്കാനാശിച്ചതേയില്ല-
യെങ്കിലുമതു നിന്റെ
വേദനയായ് മാറിയോ..?
ഞാന്‍ തന്ന നോവുകള്‍ തിരികെ വാങ്ങുന്നു

എങ്കിലുമെന്നാത്മ നൊമ്പരമുണര്‍ത്തി

ആ മോഹത്തിന്‍ ദീപനാളമണയാതെ-
സൂക്ഷിക്കും ഞാനാ മോഹചിത്രത്തിന്റെ-
വിടര്‍ന്ന മിഴികള്‍ക്കു മുന്‍പിലെന്നും
എന്റെ ദു:ഖങ്ങളെന്റേതു മാത്രമായ്
ഒടുങ്ങട്ടേയെന്നുള്ളില്‍ കനല്‍
 കൂമ്പാരമായ്...