Friday, March 9, 2012


എന്റെ സ്വപ്നമേ നീ ....
എന്റെ ഏകാന്ത രാവുകളില്‍
വര്‍ണങ്ങള്‍ വാരിപ്പൂശിയ
കടലാസ് വഞ്ചിയില്‍
കാറ്റിനെ പങ്കായമാക്കി വന്നു
ആയിരം സുഗന്ധപുഷ്പങ്ങളാല്‍
ഹാരംതീര്‍ത്തെന്നെ പരിണയിച്ചു .
കൈകള്‍ കോര്തുപിടിച്ച്
അപ്പൂപ്പന്‍ താടി പോല്‍പറന്നുയര്‍ന്നു
വെണമേഘക്കീറിലൂടെ,മഴവില്ലിന്‍
വര്‍ണങ്ങള്‍ക്കിടയിലൂടെ
അസ്തമയച്ചുവപ്പില്‍ നീന്തിതുടിപ്പിച്ചു
നക്ഷത്രങ്ങള്‍ വാരിയെറിഞ്ഞു
പൊട്ടിച്ചിരിപ്പിച്ചു
പിന്നെ
ഉദയ സൂര്യന്‍ സ്വര്‍ണം ചാര്‍ത്തിയ
മഞ്ഞു കണങ്ങളാല്‍
മാല കോര്‍ക്കുന്ന പുല്‍തുമ്പുകളെ
കണ്‍മിഴിയാല്‍ പുല്‍കിപ്പുണര്‍ന്ന
വര്‍ണശലഭത്തിന്റെ ചിറകിലേറ്റി
പകല്‍ക്കിനാക്കളും വാരിത്തന്നു
എന്നിട്ട്...
ഇന്നെന്തേ കറുത്ത നിഴലായ് വന്നെന്നെ
ഭയപ്പെടുത്തുന്നു
ഇരുണ്ട ഗഹ്വരങ്ങളിലൂടെന്നെ
തനിച്ചയക്കുന്നു
നിശബ്ദതയുടെ അഗാതതയിലൂടെ
ആഴത്തില്‍ നിന്നും ആഴത്തിലേക്ക്
വലിച്ചെറിയുന്നു
വിഷസര്‍പ്പങ്ങളാല്‍ പിന്തുടരപ്പെടുമ്പോള്‍
ഓടിത്തളര്‍ന്നു
ഒന്ന് പോയ്തരൂ എന്റെ സ്വപ്നമേ
എന്നുറക്കെ പറയാനായുമ്പോള്‍
എന്റെ ശബ്ദത്തെ തടവിലിട്ടതും നീയോ..?

No comments:

Post a Comment